തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനത്തിൽ വെയിലിനെയും മഴയെയും പ്രതിരോധിക്കാൻ ബൂത്ത് ലവൽ ഓഫീസർമാർക്ക് (ബിഎൽഒ) തിരഞ്ഞെടുപ്പ് കമ്മിഷന്റെ വക കുടകൾ. സംസ്ഥാനത്തെ മുപ്പതിനായിരത്തോളം വരുന്ന ബിഎൽഒമാർക്കാണ് ആലപ്പുഴയിലെ പ്രശസ്ത നിർമ്മാതാക്കളിൽ നിന്നും വാങ്ങുന്ന കുടകൾ വിതരണം ചെയ്യുന്നത്.
വോട്ടെടുപ്പ് ദിവസം വോട്ടർ സഹായ കേന്ദ്രങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ ഡ്യൂട്ടിയിലുണ്ടാകുന്ന ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഈ തീരുമാനം.
കുടകൾക്ക് പുറമെ ബിഎൽഒമാരുടെ വിവിധ സേവനങ്ങൾക്കുള്ള പ്രതിഫലവും കമ്മിഷൻ പ്രഖ്യാപിച്ചു. വോട്ടർ സ്ലിപ്പുകൾ പൂർണ്ണമായും വീടുകളിലെത്തിക്കുന്നവർക്ക് 600 രൂപ പ്രതിഫലം ലഭിക്കും. ഭാഗികമായി വിതരണം ചെയ്യുന്നവർക്ക് എണ്ണത്തിന് ആനുപാതികമായ തുകയാകും നൽകുക. വോട്ടെടുപ്പ് ദിനത്തിലെ സഹായ പ്രവർത്തനങ്ങൾക്കായി 900 രൂപയും അനുവദിച്ചിട്ടുണ്ട്.
85 വയസ്സ് പിന്നിട്ടവരും ഭിന്നശേഷിക്കാരുമായ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി വോട്ട് ചെയ്യിക്കുന്ന പോളിങ് സംഘത്തിനൊപ്പം ഡ്യൂട്ടി ചെയ്ത ബിഎൽഒമാർക്ക് പ്രതിദിനം 650 രൂപ വീതം നൽകും. ആറു ദിവസം നീണ്ടുനിന്ന ഈ പ്രക്രിയയിലൂടെ ഏകദേശം 2.07 ലക്ഷം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്.




