റിയാദ്: സൗദിയിലെ യാംബുവിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി ചെറിയാണ്ടീലകത്ത് (തറമ്മൽ) വീട്ടിൽ അബ്ദുൽ സലാം (49) തിങ്കളാഴ്ച രാവിലെ നാട്ടിൽ നിര്യാതനായി. യാംബുവിൽ പതിറ്റാണ്ടിലേറെ ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം, നേരത്തെ എക്സിറ്റിൽ നാട്ടിലെത്തി പിന്നീട് 10 മാസം മുൻപ് പുതിയ വിസയിൽ വീണ്ടും യാംബുവിലേക്ക് മടങ്ങിയിരുന്നു.
ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ മാസം രണ്ട് മാസത്തെ അവധിയിൽ നാട്ടിലേക്ക് എത്തിയിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
പരേതരായ അബ്ദുല്ല-ആമിന ദമ്പതികളുടെ മകനാണ്. ചുഴലി ബി.ടി.എം ഇംഗ്ലീഷ് സ്കൂൾ അധ്യാപിക ഹസീനയാണ് ഭാര്യ. മക്കൾ: അൻസാഫ്, ഹൈറ. സഹോദരങ്ങൾ: അഷ്‌റഫ്, റഫീഖ്, അസ്മ, മറിയം, നസീമ, നസീറ, സുലൈഖ, റഫീന.




