ന്യൂഡല്‍ഹി: ദേശീയ പാതകളിലൂടെയുള്ള യാത്ര അടുത്ത മാസം മുതല്‍ ചിലവേറുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 1 മുതല്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ തീരുമാനം. നിലവില്‍ ഫാസ്ടാഗ് വാര്‍ഷിക പാസിന് 3,000 രൂപയാണ് ഈടാക്കുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇത് 3,075 രൂപയായി ഉയരും. അതായത് 75 രൂപയുടെ വര്‍ധനയാണ് വരാന്‍ പോകുന്നത്.
സ്ഥിരം യാത്രക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള മുന്‍കൂര്‍ പണമടയ്ക്കല്‍ പദ്ധതിയാണ് വാര്‍ഷിക പാസ്. വാണിജ്യ ആവശ്യങ്ങള്‍ക്കായി വലിയ ദൂരങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ക്കും വാര്‍ഷിക പാസ് ഗുണകരമാണ്. ഈ പാസിന്റെ കാലാവധി ഒരു വര്‍ഷം വരെയാണ്. പരമാവധി 200 യാത്രകള്‍ വരെ മാത്രമേ ഈ പാസ് ഉപയോഗിക്കാന്‍ സാധിക്കൂ. ഇപ്പോള്‍ പുതിയ പാസ് എടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും കാലാവധി കഴിയാന്‍ നില്‍ക്കുന്നവര്‍ക്കും ഇപ്പോള്‍ പുതുക്കുകയാണെങ്കില്‍ നിലവിലെ നിരക്കായ 3,000 രൂപയ്ക്ക് തന്നെ പാസ് ലഭിക്കും.




