തിരുവനന്തപുരം: മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ എംഡിഎംഎയുമായി പിടിയിലായി. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
ഹോട്ടലുകൾ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെയാണ് നജീബ് ഖാൻ പിടിയിലായത്. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് അറസ്റ്റ് നടന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ക്വാഡ് അംഗങ്ങൾ ഹോട്ടലിൽ രഹസ്യമായി നിരീക്ഷണം നടത്തിയിരുന്നു.
മൊബൈൽ ഫോണിലെ പ്രത്യേക ആപ്പ് ഉപയോഗിച്ച് ആളുകളെ കണ്ടെത്തി എംഡിഎംഎ എത്തിച്ചു നൽകുന്നതായിരുന്നു ഇയാളുടെ രീതി. ഇതിനായി വലിയ ഒരു ശൃംഖല പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രമുഖരടക്കമുള്ളവർ ഇയാളെ സമീപിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. പ്രതിയിൽ നിന്ന് 4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.





