തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ നാലാം വാർഷികാഘോഷത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർഗോഡ് നിർവഹിക്കും. കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 ന് രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. വാർഷികാഘോഷത്തിനോടോപ്പം എന്‍റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനവും നടക്കും.
വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വ്യത്യസ്ത വകുപ്പുകൾ സംഘടിപ്പിക്കുന്ന സംസ്ഥാനതല യോഗങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ ഏകോപനത്തിന് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.




