തേനി: തമിഴ്‌നാട്ടിലെ തേനി സബ് ജയിലിൽനിന്ന് 17 തടവുകാർ രക്ഷപ്പെട്ടത് ആസൂത്രിത നീക്കത്തിലൂടെയെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി വൈകി തടവുകാർ നടത്തിയ അസുഖാഭിനയമാണ് ജയിൽചാട്ടത്തിന് വഴിയൊരുക്കിയത്. ഒരേ സെല്ലിൽ കഴിയുകയായിരുന്ന തടവുകാരിൽ ഒരാൾക്ക് ഗുരുതരമായ അസുഖമാണെന്ന് മറ്റുള്ളവർ നിലവിളിച്ചതോടെയാണ് ജയിൽ ജീവനക്കാർ സ്ഥലത്തെത്തിയത്. വൈദ്യസഹായം നൽകാനായി സെല്ലിന്റെ വാതിൽ തുറന്ന നിമിഷം തടവുകാർ ജീവനക്കാരെ ആക്രമിച്ച് കീഴടക്കുകയായിരുന്നു. തുടർന്ന് ഇരുട്ടിന്റെ മറവിൽ ജയിൽ വളപ്പിൽനിന്ന് പുറത്തുകടന്ന് രക്ഷപ്പെട്ടു.
തടവുകാരുടെ ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗ്രേഡ് രണ്ട് പൊലീസ് കോൺസ്റ്റബിൾ തങ്കപാണ്ഡിയെ ജി. വിളക്കിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജീവനക്കാർക്കും നിസ്സാര പരിക്കേറ്റു. ജീവനക്കാരെ ആക്രമിച്ച് കീഴടക്കിയ ശേഷമാണ് തടവുകാർ ജയിൽവളപ്പിൽനിന്ന് പുറത്തുകടന്ന് സമീപപ്രദേശങ്ങളിലേക്ക് ചിതറിയോടിയത്.
രക്ഷപ്പെട്ട തടവുകാരെ പിടികൂടുന്നതിനായി 17 പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. വിവിധ ജില്ലകളെ ഏകോപിപ്പിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ മധുര സ്വദേശിയായ ഒരാളെ ജയിലിന് പിന്നിലെ കാടുമൂടിയ പ്രദേശത്ത് ഒളിച്ചിരിക്കുമ്പോഴാണ് പിടികൂടിയത്.
രക്ഷപ്പെട്ട വിചാരണത്തടവുകാരുടെ പേരുവിവരങ്ങളും ചിത്രങ്ങളും തേനി ജില്ലാ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. കറുപ്പസാമി എന്ന മദൻ, തരുൺ കുമാർ, രാജ്കുമാർ, പാണ്ടിസെൽവം, തിരുപ്പതി, പൊൻമുത്തുചെൽവൻ, മീനാക്ഷി സുന്ദരം, ശബരിനാഥൻ, റെജിൻ, നിഷാന്ത്, മുത്തു ഇളങ്കോവൻ, കാർത്തിക് രാജ, പ്രശാന്ത് എന്ന ലിംഗ പ്രശാന്ത്, രാജ സിക്കന്ദർ, ചിലമ്പരശൻ, സോലൈ മുകിലേശ്വരൻ എന്നിവരാണ് രക്ഷപ്പെട്ടവരുടെ പട്ടികയിലുള്ളത്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തേനി ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലെ 9498101570 എന്ന നമ്പറിലോ കൺട്രോൾ റൂമിലെ 9176104100 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
രക്ഷപ്പെട്ട തടവുകാർ സമീപ ജില്ലകളിലേക്കോ അയൽസംസ്ഥാനങ്ങളിലേക്കോ കടക്കുന്നത് തടയാൻ ഇടുക്കി ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രത ശക്തമാക്കി. ദിണ്ഡിഗൽ ജില്ലയിൽ മാത്രം 16 പ്രധാന പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിച്ചതായി ജില്ലാ പൊലീസ് മേധാവി എസ്. ജയകുമാർ അറിയിച്ചു. തടവുകാരുടെ ചിത്രങ്ങൾ മധുര, ദിണ്ഡിഗൽ, ഇടുക്കി പൊലീസ് സംഘങ്ങൾക്ക് കൈമാറിയിട്ടുണ്ട്. പ്രധാന പാതകളിൽ വാഹനപരിശോധനയും ശക്തമാക്കി.
ജയിൽചാട്ടത്തിലും ജീവനക്കാർക്കുനേരെയുണ്ടായ ആക്രമണത്തിലും ഔദ്യോഗികമായി കേസെടുത്ത് ഉന്നതതല അന്വേഷണം ആരംഭിച്ചു. ജയിലിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവിൽ കഴിയുന്ന ശേഷിക്കുന്ന തടവുകാരെ കണ്ടെത്താൻ 24 മണിക്കൂറും തിരച്ചിൽ തുടരുമെന്ന് ഐ.ജി വിജയേന്ദ്ര ബിദാരി വ്യക്തമാക്കി.




