കോട്ടയം: കാസർകോടിന് പിന്നാലെ കോട്ടയത്തും കേന്ദ്രസർക്കാരിന്റെ ആനുകൂല്യങ്ങൾ ബിജെപി ഓഫീസിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്തതിനെച്ചൊല്ലി വിവാദം. വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങളാണ് ‘സേവാ സ്പർശം’ എന്ന പേരിൽ വിതരണം ചെയ്തത്. കേന്ദ്രസർക്കാരിന്റെ വയോശ്രീ പദ്ധതിയുടെ ഭാഗമായി നൽകുന്ന ഉപകരണങ്ങളാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്.
ബിജെപി കോട്ടയം ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കേന്ദ്രസർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നുവെന്ന വിമർശനമാണ് ഇതോടെ ശക്തമായത്.
കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലിജിൻ ലാലും വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി അശോകൻ കുളനടയും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഷോൺ ജോർജാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
കേന്ദ്രസർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന ആനുകൂല്യങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ ഓഫീസിൽവെച്ച് വിതരണം ചെയ്യുന്നതിനെച്ചൊല്ലിയാണ് വിമർശനം ഉയരുന്നത്. സർക്കാർ പദ്ധതികളുടെ നേട്ടം പാർട്ടിയുടെ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.




