ലഖ്നൗ: വിവാഹഘോഷയാത്രയ്ക്കിടെ വരനെ അജ്ഞാതർ വെടിവെച്ച് കൊന്ന സംഭവം ഉത്തർപ്രദേശിൽ. ബിബിപൂർ ഗ്രാമത്തിലാണ് വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ സംഭവം നടന്നത്. ബദാവുർ സ്വദേശിയായ ആസാദ് ബിന്ദ് (27) ആണ് കൊല്ലപ്പെട്ടത്.
മുഖംമൂടി ധരിച്ചെത്തിയ സംഘം വിവാഹവേദിയിലേക്ക് പോകുന്നതിനിടെ ആസാദിന് നേരെ പലതവണ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ആയുഷ് ശ്രീവാസ്തവ അറിയിച്ചു.
സംഭവത്തിന് പിന്നാലെ പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആസാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.




