കുക്കുമ്പര്‍
ഏകദേശം 95 ശതമാനവും ജലാംശം അടങ്ങിയ വെള്ളരിക്ക, കക്കരിക്ക പോലുള്ളവ വേനല്‍ക്കാലത്ത് ധാരാളം കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും. മാത്രമല്ല, ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കാനും ഇവ വേണം. സലാഡിലോ സ്മൂത്തിയിലോ ജ്യൂസ് ആക്കിയോ എല്ലാം കഴിക്കാം.
കരിക്കിന്‍ വെള്ളം
പ്രകൃതിദത്തമായ ഇലക്ട്രോലൈറ്റുകളുടെ കലവറയാണ് കരിക്കിന്‍ വെള്ളമെന്ന് നമുക്കറിയാം. കഠിനമായ ചൂടില്‍ ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കള്‍ വീണ്ടെടുക്കാന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നത് സഹായിക്കും. ശരീരത്തില്‍ ക്ഷീണം അകറ്റി, ശരീരത്തിന് ഊര്‍ജ്ജം പകരാനും ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കും.
പുതിന
ഭക്ഷണത്തിന് രുചിയും മണവും നല്‍കാന്‍ മാത്രമല്ല, ശരീരത്തെ തണുപ്പിക്കാനും പുതിനയിലയ്ക്ക് കഴിവുണ്ടെന്ന് അറിയാമോ. പുതിനയില ചേര്‍ത്ത വെള്ളമോ ചായയോ കുടിക്കുന്നത് ഉന്മേഷം നല്‍കും. ഇതിലെ മെന്തോള്‍ ഘടകങ്ങള്‍ ശരീരത്തിലെ ചൂട് നിയന്ത്രിക്കാന്‍ സഹായിക്കും.
തണ്ണിമത്തന്‍
വേനല്‍ക്കാലത്തെ താരം തണ്ണിമത്തന്‍ തന്നെയാണ്. ഇതിലെ ഉയര്‍ന്ന ജലാംശവും ലൈക്കോപീന്‍ പോലുള്ള ആന്റിഓക്സിഡന്റുകളും കടുത്ത സൂര്യപ്രകാശം മൂലമുള്ള ചര്‍മ്മപ്രശ്‌നങ്ങളെ തടയാന്‍ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ജലാശം നിലനിര്‍ത്താനും തണ്ണിമത്തന്‍ കഴിക്കാം.




