നിങ്ങളുടെ ശ്രദ്ധക്കുറവ് കൊണ്ട് മാത്രമല്ല മുടികൊഴിച്ചിൽ സംഭവിക്കുന്നത്. പലപ്പോഴും നമ്മുടെ ശരീരം അകമേ അനുഭവിക്കുന്ന ചില വലിയ ആരോഗ്യപ്രശ്നങ്ങളുടെ ‘അലാറം’ അല്ലെങ്കിൽ മുൻകൂട്ടിയുള്ള മുന്നറിയിപ്പായിരിക്കാം ഈ മുടികൊഴിച്ചിൽ. നമ്മുടെ ശരീരത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കോശങ്ങളിലൊന്നാണ് ഹെയർ ഫോളിക്കിളുകൾ. അതുകൊണ്ടുതന്നെ ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളോ പോഷകാഹാരക്കുറവോ ഉണ്ടായാൽ അതിന്റെ പ്രതിഫലനം ആദ്യം കാണിക്കുന്നത് മുടിയിലാണ്. വിട്ടുമാറാത്ത കടുത്ത മുടികൊഴിച്ചിൽ ചില ആരോഗ്യപ്രശ്നങ്ങളുടെ ആദ്യകാല ലക്ഷണമാകാം.
ശരീരത്തിൽ അയണിൻറെ അളവ് കുറയുന്നത് മുടികൊഴിച്ചിലിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. രക്തത്തിൽ ഹീമോഗ്ലോബിൻ നിർമ്മിക്കാൻ ഇരുമ്പ് അത്യാവശ്യമാണ്. ഈ ഹീമോഗ്ലോബിനാണ് ശരീരത്തിലെ കോശങ്ങളിലേക്ക്, പ്രത്യേകിച്ച് മുടിയുടെ വേരുകളിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. അയണിൻറെ കുറവ് മൂലം മുടിയുടെ വേരുകളിലേക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരികയും, ഇത് മുടിയുടെ വളർച്ചയെ തടസ്സപ്പെടുത്തി കടുത്ത മുടികൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം താളംതെറ്റുന്നത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കും. തൈറോയ്ഡ് ഹോർമോൺ ഉത്പാദനം കൂടുന്ന അവസ്ഥയും കുറയുന്ന അവസ്ഥയും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ഹോർമോൺ വ്യതിയാനം ഉണ്ടാകുമ്പോൾ പുതിയ മുടി വളരുന്ന പ്രക്രിയ സാവധാനത്തിലാവുകയും നിലവിലുള്ള മുടികൾ വേഗത്തിൽ കൊഴിഞ്ഞുപോകുകയും ചെയ്യും.





