കൽപറ്റ: സുൽത്താൻ ബത്തേരി എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഉറച്ച കോട്ടയാണ്. 1977 ൽ മണ്ഡലം രൂപീകരിച്ചതിനു ശേഷം രണ്ട് പ്രാവശ്യം മാത്രമാണ് സിപിഎം മണ്ഡലം പിടിച്ചെടുത്ത്. കോൺഗ്രസോ അവരുടെ സഖ്യകക്ഷികളോ അല്ലാതെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇവിടെ വിജയിച്ചിട്ടില്ല. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ ഐസി ബാലകൃഷ്ണനാണ് വിജയിച്ചത് 81,077 വോട്ടുകളായിരുന്നു ലഭിച്ചത്. തൊട്ടുപിന്നാലെ എൽഡിഎഫ് സ്ഥാനാർഥി എംഎസ് വിശ്വനാഥനും ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ടേമുകളിലായി ഐസി ബാലകൃഷ്ണൻ തന്നെയാണ് വിജയിച്ചുവരുന്നത്. ഇത്തവണയും ഐസി ബാലകൃഷണൻ തന്നെയാണ് കോൺഗ്രസിനു വേണ്ടി രംഗത്ത് ഇറങ്ങുന്നത്.
സുൽത്താൻ ബത്തേരി നഗരം, അമ്പലവയൽ, നെന്മേനി, നൂൽപ്പുഴ, ചീരാൽ, കിടങ്ങനാട് തുടങ്ങിയ പഞ്ചായത്തുകൾ അടങ്ങിയതാണ് സുൽത്താൻ ബത്തേരി നിയമസഭ മണ്ഡലം. പണിയ, കാട്ടുനായ്ക, കുറുമ്മ, അടിയ വിഭാഗങ്ങളുൾപ്പെടെയുള്ള പട്ടികവർഗക്കാർ മണ്ഡലത്തിലെ വലിയൊരു വിഭാഗമാണ്. മധ്യതിരുവിതാംകൂറിൽ നിന്നുള്ള ക്രൈസ്തവ കർഷകരും വ്യാപാര മേഖലയിൽ സജീവമായ മുസ്ലീം വിഭാഗവും രാഷ്ട്രീയമായി നിർണ്ണായക സ്വാധീനം ചെലുത്തുന്നവരുമാണ്.
യുഡിഫിന്റെ കോട്ടയാണെങ്കിലും ഇത്തവണ കാറ്റ് ഇടത്തോട്ടോ വലത്തോട്ടോ എന്ന് ഉറ്റുനോക്കുകയാണ് കേരളം. സിപിഎം രണ്ട് തവണ അട്ടിമറി വിജയം നേടിയ മണ്ഡലം കൂടിയാണ് സുൽത്താൻ ബത്തേരി. നാലാം തവണ ഐസി ബാലകൃഷ്ണൻ ഇറങ്ങുമ്പോൾ എതിരാളി കഴിഞ്ഞ പ്രാവശ്യം മത്സരിച്ച എംഎസ് വിശ്വനാഥൻ തന്നെയാണ്.



