ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. റവല്യൂഷണറി ഗാർഡിന്റെ റിയർ അഡ്മിറൽ അലിറെസ ടാങ്സിരിയാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണമെന്നാണ് റവല്യൂഷണറി ഗാർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഐആർജിസി നാവികസേനാ കമാൻഡറായിരുന്ന ടാങ്സിരിയെയും മറ്റു മുതിർന്ന നാവിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് കൃത്യമായ ആക്രമണം നടത്തിയതായി മാർച്ച് 26-ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ് വ്യക്തമാക്കിയിരുന്നു. ഇതിന് നാലുദിവസത്തിന് ശേഷമാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം.
ഫെബ്രുവരി 28 മുതൽ ഇറാനെതിരേ ആരംഭിച്ച യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്കിടെ, പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയടക്കം നിരവധി ഉന്നത സൈനിക-സർക്കാർ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് ടാങ്സിരി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതത്തിന് മേൽനോട്ടം വഹിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ഇറാനെതിരേ ആക്രമണം നടത്തുന്ന രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഹോർമുസ് വഴി കടന്നുപോകാൻ അനുമതി ഇല്ലെന്ന മുന്നറിയിപ്പ് ടാങ്സിരി നേരത്തെ സാമൂഹികമാധ്യമങ്ങളിലൂടെ നൽകിയിരുന്നു.




