ന്യൂഡൽഹി: ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മൗലാന മസൂദ് അസറിന്റെ മൂത്ത സഹോദരൻ മുഹമ്മദ് താഹിർ അൻവർ പാക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അൻവറിന്റെ മൃതദേഹം പാക്കിസ്ഥാനിലെ ബഹാവൽപുരിലുള്ള ജാമിയ മസ്ജിദ് ഉസ്മാൻ വാലിയിൽ ഖബറടക്കുമെന്ന് സംഘടനയുടെ ഔദ്യോഗിക ചാനൽ അറിയിച്ചു.
മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളായ അൻവർ, ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിച്ചിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ വർഷം ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വ്യോമാക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി മസൂദ് അസർ അവകാശപ്പെട്ടിരുന്നു.
ഇതുകൂടാതെ ബഹാവൽപുരിലെ ജെയ്‌ഷെ ആസ്ഥാനമായ ജാമിയ മസ്ജിദ് സുബ്ഹാൻ അള്ളാഹിന് നേരെയുണ്ടായ ആക്രമണത്തിൽ മസൂദ് അസറിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. 1994ൽ ഇന്ത്യയിൽ അറസ്റ്റിലായ മസൂദ് അസറിനെ ഇന്ത്യൻ വിമാനം റാഞ്ചിയ സംഭവത്തെ തുടർന്ന് മോചിപ്പിച്ചിരുന്നു. യുഎൻ രാജ്യാന്തര ഭീകരനായി പ്രഖ്യാപിച്ച ഇയാൾ, 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം, 2016ലെ പത്താൻകോട്ട് ആക്രമണം, 2019ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.




