കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും കുമരകം എസ്.കെ.എം.എച്ച്.എസ്.എസ്സിന്റെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എസ്.കെ.എം. സൂപ്പർ ലീഗ് സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് ആവേശകരമായ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
ആദ്യദിനത്തിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു. രണ്ടാം മത്സരത്തിൽ ആദിത്യൻ നേടിയ ഏകപക്ഷീയമായ ഗോളിന് ഫൈറ്റിങ്ങ് സ്റ്റാർസ് വിജയം കണ്ടു. ടൂർണ്ണമെന്റിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 9-നും വൈകിട്ട് 3-നുമാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 4-ന് വൈകിട്ട് മൂന്ന് മണിക്കാണ് ഫൈനൽ മത്സരം നടക്കുക.
സ്കൂൾ മാനേജർ എ.കെ. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ. വൈശാഖ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.ഐ. എബ്രഹാം, പി.കെ. വൈശാഖ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ടീമംഗങ്ങളെ പരിചയപ്പെട്ടു. ചടങ്ങിൽ പ്രിൻസിപ്പൽ സുനിമോൾ ടി. ലഹരിവിരുദ്ധ സന്ദേശം നൽകുകയും ഹെഡ്മിസ്ട്രസ് സുജ പി. ഗോപാൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അനീഷ് കെ.എസ്. സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ധനലാൽ എ.എസ്. നന്ദിയും പറഞ്ഞു. ഫിസിക്കൽ ഇൻസ്ട്രക്ടർമാരായ പി.പി. ഹരി, വി.കെ. ഷിബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




