കുവൈത്ത് സിറ്റി: കുവെെറ്റ് വർഷത്തിലെ ഏറ്റവും ചൂടേറിയ സമയത്തിലേക്ക്. ജൂലൈ 3 മുതൽ രാജ്യത്ത് ‘ത്വായിബ’ കാലം അവസാനിക്കുകയും ‘ ജെമിനി’ കാലം ആരംഭിക്കുകയും ചെയ്യുമെന്ന് അൽ അജ്‌രി ശാസ്ത്ര കേന്ദ്രം അറിയിച്ചു. 13 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലയളവിൽ താപനില ഗണ്യമായി ഉയരുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
‘ജെമിനി’ കാലം വർഷത്തിലെ ഏറ്റവും ചൂടേറിയ സമയമായിരിക്കും. ജൂലൈ 15 വരെ ഈ സാഹചര്യം തുടരും. പകൽ സമയങ്ങളിൽ ചൂട് വർധിക്കുമെന്നും ഈ സമയത്താണ് സൂര്യൻ ഭൂമധ്യരേഖയ്ക്ക് തെക്കോട്ടേക്ക് നീങ്ങുന്നതെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
വർധിച്ച താപനില കൂടാതെ, കഠിനമായ വരൾച്ചയും ഉഷ്ണക്കാറ്റും ഈ കാലത്തിന്‍റെ സവിശേഷതകളാണെന്ന് കേന്ദ്രം വിശദീകരിച്ചു. ഈ കാറ്റ് സൂര്യന്‍റെ ചൂടിന് തീവ്രത വർധിപ്പിക്കും. ഈ സീസണിൽ സൂര്യൻ ഏറ്റവും ഉയർന്ന തീവ്രതയിൽ എത്തുമെന്നും സെന്‍റര്‍ അറിയിച്ചു.






