കുവൈത്ത് സിറ്റി: രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ പണമായി നടത്തുന്ന ഇടപാടുകൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി കുവൈത്ത് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്. 2026ലെ റെസല്യൂഷൻ നമ്പർ 32 പ്രകാരമുള്ള തീരുമാനം ഈ മാസം 22 മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
പുതിയ നിർദേശപ്രകാരം ഇൻഷുറൻസ് കമ്പനികളും ലൈസൻസുള്ള സ്ഥാപനങ്ങളും ഇനി മുതൽ പണമായി ഇടപാടുകൾ നടത്താനോ സ്വീകരിക്കാനോ കഴിയില്ല. എല്ലാ ഇടപാടുകളും ബാങ്കിംഗ് മാർഗങ്ങളിലൂടെയോ സെൻട്രൽ ബാങ്ക് അംഗീകരിച്ച ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ മാത്രമേ നടത്താവൂ.
അതേസമയം, അതിർത്തി പ്രവേശന കേന്ദ്രങ്ങളിൽ നിർബന്ധിത വാഹന ഇൻഷുറൻസ് പോളിസികൾ നൽകുന്ന പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് വ്യക്തിഗത ഇൻഷുറൻസ് രേഖകൾക്ക് പരിമിത ഇളവ് അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും 2019ലെ ഇൻഷുറൻസ് നിയന്ത്രണ നിയമപ്രകാരം നടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയാനും ഭീകരവാദ ധനസഹായം നിയന്ത്രിക്കാനുമായി രാജ്യത്ത് നടപ്പാക്കിയ നടപടികളുമായി ഈ തീരുമാനം ഒത്തൊരുമയുള്ളതാണെന്നും അധികൃതർ പറഞ്ഞു.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയും പണ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്ന സർക്കാർ നയങ്ങൾക്ക് ഇത് കൂടുതൽ കരുത്ത് നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പുകൾക്ക് നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അറിയിച്ചു.






