മസ്കത്ത്: ഒമാനിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയായ സലാഹുദ്ദീൻ (40) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് ഖദ്റയിലെ താമസ സ്ഥലത്ത് എത്തിയ ശേഷം റൂമിന് പുറത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ആ സമയത്ത് സമീപത്ത് ആരും ഉണ്ടായിരുന്നില്ല. കുറച്ച് നേരത്തിന് ശേഷം കൂടെ താമസിക്കുന്നയാൾ പുറത്തുവന്നപ്പോഴാണ് അദ്ദേഹം വീണുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി അധികൃതർ അറിയിച്ചു.
15 വർഷമായി സലാഹുദ്ദീൻ ഒമാനിൽ ജോലി ചെയ്തു വരുകയായിരുന്നു. ഖദറയിലെ ഒരു സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു. കഴിഞ്ഞ നവംബറിലാണ് കുടുംബത്തോടൊപ്പം നാട്ടിൽ അവധി കഴിഞ്ഞ് വീണ്ടും ഒമാനിലേക്ക് പോയത്. ഭാര്യയും മൂന്ന് കുട്ടികളും ഉൾപ്പെടുന്നതാണ് കുടുംബം. ഇളയ മകൾക്ക് ആറുമാസം മാത്രമാണ് പ്രായം.
പിതാവ്: പരേതനായ കമ്മു മുസ്ലിയാർ
മാതാവ്: ആയിശ
ഭാര്യ: അംറത്ത് റിസ്വാന
മക്കൾ: ഫൈഹ (6), ഫർഹ (4), ഫൈറ (6 മാസം)




