തിരുവനന്തപുരം: ആശമാർക്ക് കൈത്താങ്ങുമായാണ് ഇത്തവണ യുഡിഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. വേതനവര്‍ദ്ധനവിന് വേണ്ടി രാപ്പകല്‍ സമരത്തിനിറങ്ങിയ ആശാ വര്‍ക്കര്‍മാരുടെ ദിവസവേതനം 700 രൂപയാക്കി ഉയര്‍ത്തുമെന്നാണ് യുഡിഎഫ് പ്രകടനപത്രികയിൽ പറയുന്നത്. അംഗനവാടി തൊഴിലാളികള്‍, ആശ വര്‍ക്കാര്‍മാര്‍, സ്കൂള്‍ പാചക തൊഴിലാളികള്‍ അടക്കമുള്ള സ്കീം തൊഴിലാളികളുടെ വേതനം പരിഷ്ക്കരിക്കുമെന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം കേരളത്തെയാകെ പിടിച്ചുലച്ച ആശമാരുടെ സമരത്തിന് ഐകദാര്‍ഢ്യമറിയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പ്രതിമാസ ഓണറേറിയം 21,000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ വീതം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരളത്തില്‍ ആശാ വര്‍ക്കര്‍മാര്‍ 266 ദിവസം നീണ്ട സമരം നടത്തിയത്. 2025 ഫെബ്രുവരി 10-നാണ് സമരം ആരംഭിച്ചത്. പ്രതിപക്ഷം സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയതോടെ സമരത്തിന്റെ ശക്തി വര്‍ധിച്ചു.ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച്, 8000 രൂപയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് നവംബര്‍ 1ന് ആശാ വര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരം അവസാനിപ്പിച്ചത്.


