ഇടുക്കി: ഇടുക്കി ഗ്യാപ്പ് റോഡിൽ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. തമിഴ്നാട് സ്വദേശിനിയായ ഭാഗ്യജ്യോതി (50) ചികിത്സയിലിരിക്കെ മരിച്ചു. തേനി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. നേരത്തെ സ്റ്റെല്ലാ മേരി എന്ന സ്ത്രീയും അപകടത്തിൽ മരിച്ചിരുന്നു.
തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാര സംഘമാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്. പെരിയകനാലിൽ വെച്ച് നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം.
അപകടസമയത്ത് 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും ഉൾപ്പെടെ 28 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.






