ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്തെന്നാരോപിച്ച് 10 വിദേശ പൗരന്മാരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഇവർ വോട്ട് രേഖപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. അറസ്റ്റിലായവരിൽ നാല് പേർ സ്ത്രീകളാണെന്ന് പൊലീസ് വ്യാഴാഴ്ച അറിയിച്ചു.
ഏപ്രിൽ 23-ന് നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ചെന്നൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വോട്ടെടുപ്പിൽ ക്രമക്കേട് നടത്തിയതായി വ്യക്തമായത്.
ഇന്ത്യൻ പൗരത്വമില്ലാത്ത പ്രതികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് നിയമവിരുദ്ധമായി വോട്ട് ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.
ഇമിഗ്രേഷൻ വിഭാഗം ഗ്രേറ്റർ ചെന്നൈ പൊലീസ് കമ്മിഷണറേറ്റിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മേയ് 7 മുതൽ 14 വരെ സെൻട്രൽ ക്രൈംബ്രാഞ്ചും പ്രാദേശിക പൊലീസ് യൂണിറ്റുകളും കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കിയതായും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.






