തിരുവനന്തപുരം: മത്സരപരീക്ഷകളിലും പഠനത്തിലും മിടുക്ക് തെളിയിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയതാരകം’ പരിപാടിയില്‍, പാറ്റ’ പരാമര്‍ശം നടത്തി അപഹാസ്യനായി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍. കഴക്കൂട്ടം മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു വിസിയുടെ പരാമര്‍ശം. ഗവർണർ രാജേന്ദ്ര ആർലേക്കറും വി മുരളീധരൻ എംഎൽഎയും വേദിയിലുള്ളപ്പോഴായിരുന്നു സംഭവം.
ഐഐടി മദ്രാസ് പോലുള്ള രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ ആരും പാറ്റകളാകാനല്ല, മറിച്ച് കരുത്തുറ്റ സിംഹങ്ങളാകാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞൂ. ചടങ്ങിനിടെ വിദ്യാര്‍ഥികളോട് നേരിട്ട് സംവദിച്ച അദ്ദേഹം, ‘പാറ്റകളല്ലാത്തവര്‍ അത് ഉറക്കെ പറയൂ’ എന്ന് ആവശ്യപ്പെട്ടെങ്കിലും സദസ്സില്‍ നിന്ന് കാര്യമായ പ്രതികരണമുണ്ടായില്ല. ഇതോടെ വിസി പരിഹാസ്യനാവുകയായിരുന്നു. ആവർത്തിച്ച് ആവശ്യപ്പെട്ടതിന് പിന്നാലെ ഒന്നോ രണ്ടോ വിദ്യാർഥികൾ മാത്രമാണ് ശബ്ദമുയർത്തിയത്. അറിവും കഴിവും സ്വന്തമാക്കിയാല്‍ ഇന്ന് നമ്മളെ പാറ്റകളെന്ന് വിശേഷിപ്പിക്കുന്നവര്‍ നാളെ ഈയാംപാറ്റകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്നും വിസി കൂട്ടിച്ചേര്‍ത്തു.











