ന്യൂഡൽഹി: ടാക്സി സേവനങ്ങൾക്കപ്പുറം പൊതുഗതാഗത രംഗത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ച് ഊബർ. ഇനി ഊബർ ആപ്പിലൂടെ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം. ട്രാവൽ ടെക് കമ്പനിയായ ഇക്‌സിഗോയുമായി സഹകരിച്ചാണ് പുതിയ ട്രെയിൻ ടിക്കറ്റിങ് സേവനം അവതരിപ്പിച്ചത്.
പുതിയ സംവിധാനത്തിലൂടെ ഊബർ ആപ്പിൽ തന്നെ ട്രെയിനുകൾ തിരയാനും ടിക്കറ്റ് ബുക്ക് ചെയ്യാനും പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കാനും സാധിക്കും. യാത്ര ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ റെയിൽവേ സ്റ്റേഷനും യാത്രാ തീയതിയും നൽകിയാൽ ലഭ്യമായ ട്രെയിനുകൾ പരിശോധിച്ച് ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം.
ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ടിക്കറ്റ് വിവരങ്ങൾ പരിശോധിക്കുന്നതിനും പിഎൻആർ സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. കൂടാതെ റെയിൽവേ സ്റ്റേഷനിലേക്ക് എത്താനും യാത്ര അവസാനിച്ച ശേഷം സ്റ്റേഷനിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് പോകാനും പ്രത്യേകമായി ഊബർ റൈഡ് ബുക്ക് ചെയ്യാനും കഴിയും.
ഊബർ ഹോം സ്‌ക്രീനിലെ ‘Bus & Train’ ഓപ്ഷൻ വഴിയോ സർവീസസ് വിഭാഗത്തിലൂടെയോ പുതിയ സേവനം ഉപയോഗിക്കാം. ട്രെയിൻ ടിക്കറ്റിങ്ങിന് ആവശ്യമായ സാങ്കേതിക സേവനം ഇക്‌സിഗോയാണ് നൽകുന്നത്.
ഇന്ത്യയിലെ യാത്രാ സംവിധാനത്തിൽ ട്രെയിൻ യാത്രയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും ട്രെയിനിൽ കയറുന്നതിന് മുമ്പും യാത്ര അവസാനിച്ചതിന് ശേഷവുമുള്ള ഗതാഗത ആവശ്യങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യമെന്നും ഊബർ ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ അർണബ് കുമാർ പറഞ്ഞു.
നിലവിൽ ഓട്ടോ, കാറുകൾ, മെട്രോ ടിക്കറ്റ്, ഇന്റർസിറ്റി കാറുകൾ, ഇന്റർസിറ്റി ബസുകൾ തുടങ്ങിയ സേവനങ്ങൾ ഊബർ ആപ്പിൽ ലഭ്യമാണ്. ഈ വർഷം ആദ്യം ഇക്‌സിഗോയുടെ AbhiBus-ുമായി സഹകരിച്ച് അന്തർനഗര ബസ് ടിക്കറ്റ് ബുക്കിങ്ങും ഊബർ ആപ്പിൽ ലഭ്യമാക്കിയിരുന്നു. ട്രെയിൻ ടിക്കറ്റിങ് കൂടി ആരംഭിച്ചതോടെ ഇന്ത്യയിലെ വിവിധ യാത്രാ സേവനങ്ങൾ ഒരൊറ്റ ആപ്പിൽ ഏകോപിപ്പിക്കുകയാണ് ഊബറിന്റെ ലക്ഷ്യം.











