തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലെ അന്വേഷണ റിപ്പോർട്ടിൽ ആരോഗ്യ മന്ത്രി കെ. മുരളീധരന് കടുത്ത അതൃപ്തി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് മന്ത്രിക്ക് അതൃപ്തിയുണ്ടായത്. ക്രമക്കേട് നടത്തിയവരെ സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോർട്ടിലെ കണ്ടെത്തലുകളെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.
മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് വിവാദം. 7.32 കോടി രൂപയുടെ ഇടപാടിലാണ് ക്രമക്കേട് ആരോപണം ഉയർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു ബ്ലീച്ചിങ് പൗഡർ വാങ്ങിയത്.
മാർച്ച് 11നും മേയ് ആറിനും ഇടയിൽ നടന്ന പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവുണ്ടായെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രി അന്വേഷണത്തിന് നിർദേശം നൽകിയത്. കെ.എം.എസ്.സി.എൽ സ്വീകരിച്ച സംഭരണ നടപടിക്രമങ്ങൾ, ബാധകമായ ചട്ടങ്ങളും ടെൻഡർ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടോ, ന്യായമായ വിലയ്ക്കാണോ ബ്ലീച്ചിങ് പൗഡർ വാങ്ങിയത് തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്.
വാങ്ങിയ ബ്ലീച്ചിങ് പൗഡറിന്റെ ഗുണനിലവാരം, ഉപയോഗം, ഇടപാടിലൂടെ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കണമെന്നായിരുന്നു നിർദേശം. കണ്ടെത്തലുകളും തുടർനടപടികൾക്കുള്ള ശുപാർശകളും ഉൾപ്പെടുന്ന വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ നിർദേശം.
എന്നാൽ അന്വേഷണ റിപ്പോർട്ട് ക്രമക്കേടിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടെന്നും പകരം അവരെ വെള്ളപൂശുന്ന തരത്തിലുള്ളതാണെന്നുമാണ് മന്ത്രിയുടെ നിലപാട്. ഇതോടെ ബ്ലീച്ചിങ് പൗഡർ ഇടപാട് വീണ്ടും ആരോഗ്യവകുപ്പിൽ വിവാദമായിരിക്കുകയാണ്.











