ന്യൂഡൽഹി: എൻഡിഎയിൽ ചേരാനുള്ള കേന്ദ്രമന്ത്രി രാംദാസ് അത്താവ്ലെയുടെ ക്ഷണത്തിന് മറുപടിയുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദിപ്‌കെ. ബിജെപി നയിക്കുന്ന എൻഡിഎയിലേക്ക് ദിപ്‌കെയെ ക്ഷണിച്ചുകൊണ്ടുള്ള അത്താവ്ലെയുടെ പരാമർശത്തിന്, “ഒരു മാസം മുമ്പ് നിങ്ങൾക്ക് ഞാൻ രാജ്യവിരുദ്ധനായിരുന്നില്ലേ?” എന്നായിരുന്നു ദിപ്‌കെയുടെ പ്രതികരണം.
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) നേതാവും സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്താവ്ലെയാണ് കഴിഞ്ഞ ദിവസം ദിപ്‌കെയെ എൻഡിഎയിലേക്ക് ക്ഷണിച്ചത്. ചുറുചുറുക്കുള്ള അംബേദ്കറൈറ്റ് നേതാവായ ദിപ്‌കെ ആർപിഐ (എ)യിൽ ചേർന്ന് ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങൾ മുന്നോട്ടുകൊണ്ടുപോകണമെന്നും അത്താവ്ലെ ആവശ്യപ്പെട്ടിരുന്നു.
എൻഡിഎയിലേക്കുള്ള ക്ഷണവുമായി ബന്ധപ്പെട്ട വാർത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചാണ് ദിപ്‌കെ പ്രതികരിച്ചത്. ധർമേന്ദ്ര പ്രധാൻ കേന്ദ്രമന്ത്രിയായിരുന്ന കാലത്തെ ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ സമരത്തിനിടെ ബിജെപി നേതാക്കളും ബിജെപി അനുകൂല മാധ്യമങ്ങളും ദിപ്‌കെ ഉൾപ്പെടെയുള്ളവരെ രാജ്യവിരുദ്ധരെന്ന് വിശേഷിപ്പിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതാണ് ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴത്തെ എൻഡിഎ ക്ഷണത്തിനെതിരെ ദിപ്‌കെ പ്രതികരിച്ചത്.
തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന നിലപാടുള്ള സർക്കാരാണ് നിലവിലുള്ളതെന്നും അതിനാൽ ദിപ്‌കെ ഭരണപക്ഷത്തിനൊപ്പം ചേരണമെന്നുമാണ് അത്താവ്ലെ പറഞ്ഞത്. ദിപ്‌കെ ചുറുചുറുക്കുള്ള അംബേദ്കറൈറ്റ് നേതാവാണെന്നും അദ്ദേഹം ആർപിഐ (എ)യിൽ ചേരുന്നത് പാർട്ടിയെയും സമൂഹത്തെയും ശക്തിപ്പെടുത്തുമെന്നും അത്താവ്ലെ കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനില്ലെന്ന് ദിപ്‌കെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന് നിലവിൽ ആവശ്യം മറ്റൊരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ജനകീയ മുന്നേറ്റമാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ രാഷ്ട്രീയ സംവിധാനത്തിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ദിപ്‌കെ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.











