കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് സ്വദേശിയായ 19-കാരനെയാണ് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്നത്.
എറണാകുളത്ത് കഴിയുന്നതിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് വിവരം. കടുത്ത പനിയും ശക്തമായ തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. നിലവിൽ രോഗാവസ്ഥ നിയന്ത്രണവിധേയമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ ജില്ലയിൽ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ അമീബിക് മസ്തിഷ്കജ്വര കേസാണിത്. കഴിഞ്ഞ ദിവസം കോട്ടൂരിലെ ഒമ്പതുകാരനും രോഗം സ്ഥിരീകരിച്ചിരുന്നു. രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.




