ഭാവാർദ്രമായ പ്രകടനവുമായി ആരാധകരുടെ മനം നിറച്ച് നടി ശ്രുതി രാമചന്ദ്രൻ. മനോഹരമായ മുഖഭാവങ്ങളിലൂടെയും കൈകളുടെ ദ്രുതചലനങ്ങളിലൂടെയും പ്രിയപ്പെട്ട ഗാനത്തിന് ദൃശ്യരൂപം ഒരുക്കുകയാണ് ശ്രുതി. ഹൃദ്യമായ ചലനങ്ങളും സുന്ദരഭാവങ്ങളുമാണ് വിഡിയോയുടെ ആകർഷണം. ‘എനിക്ക് ഈ പാട്ട് ഇഷ്ടമാണ്. എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമാണ്. പോസ്റ്റ് ചെയ്യാൻ എനിക്ക് നാണമാണ്. പക്ഷേ ഇതാ… നിങ്ങളുടെ സമയത്തിന് നന്ദി. കൂടുതൽ സമയമുണ്ടെങ്കിൽ, ദയവായി പുതിയ രസകരമായ ഹോബികൾ നിർദേശിക്കൂ.’ എന്ന അടിക്കുറിപ്പോടെയാണ് ശ്രുതി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘രക്ഷകൻ’ എന്ന തമിഴ് ചിത്രത്തിലെ ‘കയ്യിൽ മിതക്കും കനവാ നീ’ എന്ന ഗാനത്തിനൊപ്പമാണ് ശ്രുതിയുടെ ഭാവനൃത്തം. സെലിബ്രിറ്റികളടക്കം നിരവധി ആരാധകരാണ് വിഡിയോയിൽ കമന്റ് ചെയ്തിരിക്കുന്നത്. നടി അപർണ ബാലമുരളി, അന്ന ബെൻ, ആര്യ ബഡായി തുടങ്ങിയവർ ശ്രുതിയെ അഭിനന്ദിച്ചു. ‘ഇതൊക്കെ പോസ്റ്റ് ചെയ്യാൻ എന്തിനാണ് നാണം’ എന്ന് ആരാധകർ ചോദിക്കുന്നു. ഇനിയും ഇതുപോലുള്ള വിഡിയോകൾ ചെയ്യണമെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.
2014ൽ പുറത്തിറങ്ങിയ ‘ഞാൻ’ എന്ന സിനിമയിൽ സുശീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രുതി രാമചന്ദ്രൻ സിനിമാ രംഗത്ത് എത്തിയത്. 2016ൽ പുറത്തിറങ്ങിയ ‘പ്രേതം’, 2017ൽ പുറത്തിറങ്ങിയ ‘സൺഡേ ഹോളിഡേ’ ‘മധുരം’ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ കൂടുതൽ ശ്രദ്ധേയയായി. ‘ചാണക്യ തന്ത്രം’, ‘അന്വേഷണം’ അടക്കമുള്ള സിനിമകളിലും ശ്രുതി അഭിനയിച്ചു. തെലുങ്കിൽ ‘ഡിയർ കോമ്രേഡ്’ എന്ന ചിത്രത്തിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ‘കമല’ എന്ന ചിത്രത്തിലൂടെ ഡബ്ബിങ് ആർട്ടിസ്റ്റായും തുടക്കം കുറിച്ചു.
2016 ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്ത് ഫ്രാൻസിസിനെ ശ്രുതി വിവാഹം ചെയ്യുന്നത്. തമിഴിൽ പുറത്തിറങ്ങിയ ‘പുത്തൻ പുതു കാലൈ’ എന്ന ആന്തോളജി ചിത്രത്തിലെ ‘ഇളമൈ ഇദോ ഇദോ’ എന്ന കഥ എഴുതിയത് ശ്രുതിയും ഫ്രാൻസിസും ചേർന്നാണ്. ജയസൂര്യ നായകനായ ‘അന്വേഷണം’ എന്ന സിനിമയ്ക്കു തിരക്കഥ ഒരുക്കിയതും ഫ്രാൻസിസ് ആണ്.




