ടാക്സി ബുക്ക് ചെയ്യുന്നതുപോലെ കേരളത്തിൽ ഓൺലൈനായി തെങ്ങുകയറ്റക്കാരെ വിളിക്കാമെന്ന ആശയം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോയാണ് വൈറലായത്. പരിശീലനം നേടിയ തൊഴിലാളി യൂണിഫോം ധരിച്ച് തെങ്ങുകയറ്റ യന്ത്രവുമായി വീട്ടിലെത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. പരമ്പരാഗത ജോലികളും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ മാറുന്നുവെന്നതിന് ഉദാഹരണമാണിതെന്ന് അദ്ദേഹം കുറിച്ചു.
വീഡിയോയിലെ തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശിയാണെന്നും കുടിയേറ്റ തൊഴിലാളികളുടെ തൊഴിൽരീതികൾ ഡിജിറ്റൽ സംവിധാനങ്ങൾ വഴി വികസിക്കുന്നത് സാമ്പത്തിക രംഗത്തിനും ഗുണകരമാണെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.
‘ഹലോ നാരിയൽ’ എന്ന കമ്പനിയാണ് ഈ സേവനം നൽകുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള കമ്പനി വെബ്സൈറ്റ് വഴിയും ഫോണിലൂടെയും സേവനം ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് സേവനം ലഭ്യമാകുന്നത്. ഒരു തെങ്ങിന് 60 രൂപയാണ് ചാർജ്. 150-ലധികം തൊഴിലാളികളാണ് കമ്പനിയിൽ ഉള്ളത്, ഇവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.
മാസം 30,000 മുതൽ 70,000 രൂപവരെ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നതായി മാനേജിങ് ഡയറക്ടർ മോഹൻദാസ് വ്യക്തമാക്കി. 1.25 ലക്ഷം പേർ ഇതിനകം സേവനം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തേങ്ങയിടാൻ ആളില്ലാത്ത പ്രശ്നത്തിന് പരിഹാരം കാണാനാണ് ഈ സംവിധാനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് താഴെ നിരവധി രസകരമായ പ്രതികരണങ്ങളാണ് ഉയരുന്നത്. രാജ്യത്തിന്റെ യഥാർത്ഥ ടെക് പുരോഗതിയുടെ ഉദാഹരണമാണിതെന്ന് ചിലർ അഭിപ്രായപ്പെടുമ്പോൾ, ‘എഐ വന്നാലും ഈ ജോലി പോകില്ല’ എന്നതടക്കമുള്ള തമാശ കമന്റുകളും ശ്രദ്ധേയമാകുന്നു.














