മലപ്പുറം: ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകളുടെ വലയത്തിൽ കുടുങ്ങി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലയാളികൾക്ക് നഷ്ടമായത് 1694 കോടി രൂപ. കേരള പോലീസിന്റെയും സൈബർ വിങ്ങിന്റെയും ഔദ്യോഗിക കണക്കുകൾ പ്രകാരം ഏകദേശം 20,000 പരാതികളാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. എന്നാൽ നാണക്കേട് ഭയന്ന് പരാതി നൽകാത്തവരും നിരവധി ഉണ്ടെന്നാണ് വിലയിരുത്തൽ.
തട്ടിപ്പിന് ഇരയായവരിൽ പലർക്കും ഓൺലൈൻ ട്രേഡിങ് എന്താണെന്നതുപോലും വ്യക്തമായി അറിയില്ലായിരുന്നു എന്നതാണ് ശ്രദ്ധേയം.
തട്ടിപ്പിന്റെ പ്രധാന രീതികൾ
എ.ഐ. ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ സെലിബ്രിറ്റി വീഡിയോകളാണ് തട്ടിപ്പുകാർ പ്രധാനമായും ഉപയോഗിക്കുന്നത്. പ്രശസ്ത ബിസിനസുകാരുടെയോ സിനിമാതാരങ്ങളുടെയോ ദൃശ്യങ്ങൾ തിരുത്തി ഈ പ്ലാറ്റ്‌ഫോമുകൾ വഴി വൻ ലാഭം നേടിയതായി വിശ്വസിപ്പിക്കുന്നു.
യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ബാങ്ക് അക്കൗണ്ടുകൾ ചെറിയ കമ്മീഷൻ നൽകി വാടകയ്ക്ക് എടുത്ത്, അതിലൂടെ ലക്ഷക്കണക്കിന് രൂപ ഇടപാടുകൾ നടത്തുകയും പിന്നീട് നിയമനടപടികളിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതും സംഘത്തിന്റെ തന്ത്രമാണ്.
പ്ലേസ്റ്റോറിൽ ലഭ്യമല്ലാത്തതോ, പ്രമുഖ ട്രേഡിങ് ആപ്പുകളോട് സാമ്യമുള്ളതോ ആയ വ്യാജ APK ഫയലുകൾ വഴി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് പലപ്പോഴും കെണിയൊരുക്കുന്നത്.
വാട്സ്ആപ് , ടെലിഗ്രാം ഗ്രൂപ്പുകളിൽ ചേർത്ത് ‘സ്റ്റോക്ക് ടിപ്സ്’ നൽകുകയും, ഗ്രൂപ്പിലെ ഭൂരിഭാഗം അംഗങ്ങളും തട്ടിപ്പുസംഘാംഗങ്ങളായിരിക്കുകയുമാണ് പതിവ്. ലാഭം ലഭിച്ചതായി വ്യാജ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ച് വിശ്വാസം നേടിയെടുക്കുന്നു.
ആദ്യമായി ചെറിയ തുക നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും, അതിന് കൃത്യമായ ലാഭം നൽകി വിശ്വാസം നേടുകയും ചെയ്യും. പിന്നീട് വലിയ തുക നിക്ഷേപിച്ചാൽ പണം പിൻവലിക്കാൻ കഴിയാത്ത അവസ്ഥയിലാകും.
മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിക്ക് 47 ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേസിൽ രണ്ടുപേർ അറസ്റ്റിലായെങ്കിലും സംഘത്തിന്റെ പ്രധാന കണ്ണികളിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
പണം തിരികെ ആവശ്യപ്പെടുന്നവരെ, ‘നിങ്ങൾ നിയമവിരുദ്ധ ഇടപാടിൽ ഏർപ്പെട്ടതാണ്, സിബിഐ ഉടൻ എത്തും’ എന്നിങ്ങനെ ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടുന്നതായും പരാതിയുണ്ട്.
പോലീസ് നൽകുന്ന ജാഗ്രതാനിർദേശങ്ങൾ
സെബി അംഗീകാരമുള്ള ബ്രോക്കർമാർ വഴി മാത്രം വ്യാപാരം നടത്തുക.
അമിതലാഭം വാഗ്‌ദാനംചെയ്യുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
ബാങ്ക് അക്കൗണ്ടുകൾ മറ്റൊരാൾക്ക് ഇടപാടുകൾക്കായി വിട്ടുനൽകരുത്.
തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന നമ്പറിൽ വിളിക്കുകയോ www.cybercrime.gov.in എന്ന പോർട്ടലിൽ പരാതിനൽകുകയോ ചെയ്യുക.




