മനാമ: ബഹ്‌റൈനിൽ സാധാരണ കടലാസുകളിൽ മയക്കുമരുന്ന് കലർത്തി വിതരണം ചെയ്യുന്ന പുതിയ രീതിക്കെതിരെ ആഭ്യന്തര മന്ത്രാലയം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. പ്രിന്റർ പേപ്പറുകളിലും എഫോർ ഷീറ്റുകളിലും രാസലായനി ചേർത്ത് ഉണക്കിയ ശേഷം വിൽപ്പന നടത്തുന്ന രീതിയാണ് വ്യാപകമാകുന്നതെന്ന് ഹിദ്ദ് പൊലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാർ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ സാമൂഹിക മാധ്യമ പരിപാടിയിലൂടെയാണ് മുന്നറിയിപ്പ് നൽകിയത്.
കാഴ്ചയിൽ സാധാരണ കടലാസായി തോന്നുന്ന ഇവയിൽ മാരക രാസവസ്തുക്കളും വിഷാംശങ്ങളും അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ചെറിയ കഷ്ണങ്ങളാക്കി പൈപ്പുകളിൽ വെച്ചോ പുകയിലയുമായി ചേർത്തോ ആണ് ലഹരിയായി ഉപയോഗിക്കുന്നത്. സാധാരണ പേപ്പറിനെപ്പോലെ തോന്നുന്നതിനാൽ ജയിലുകളിലും വിദ്യാലയങ്ങളിലും പരിശോധനകൾ ഒഴിവാക്കി എത്തിക്കാൻ എളുപ്പമാണെന്നും മുന്നറിയിപ്പ് നൽകി.
വീടുകളിലോ വാഹനങ്ങളിലോ ഫോൺ കവറുകളിലോ ഇത്തരത്തിലുള്ള പേപ്പറുകൾ കണ്ടാൽ അവഗണിക്കരുതെന്ന് രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എണ്ണമയമുള്ളതോ ചെറിയ കഷ്ണങ്ങളാക്കിയതോ ആയ പേപ്പറുകൾ ശ്രദ്ധയിൽപ്പെട്ടാൽ പ്രത്യേക ജാഗ്രത പാലിക്കണം. വലിയ എഫോർ ഷീറ്റുകൾ കണ്ടെത്തുകയാണെങ്കിൽ മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
സിന്തറ്റിക് മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവർ അക്രമാസക്തരാകാനും കുടുംബാംഗങ്ങളോട് മോശമായി പെരുമാറാനും സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം ലഹരിവസ്തുക്കളുടെ വിൽപ്പനയ്‌ക്കെതിരെ ബഹ്‌റൈൻ പൊലീസ് കർശന നടപടി തുടരുകയാണ്. അടുത്തിടെ കടലാസിലൂടെ മയക്കുമരുന്ന് കടത്തിയ രണ്ട് പേർക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.
മറ്റൊരു കേസിൽ പിടിയിലായ പ്രവാസിക്ക് 10 വർഷം തടവും 5000 ദിനാർ പിഴയും വിധിച്ചു. മയക്കുമരുന്ന് കടത്തൽ അല്ലെങ്കിൽ വിതരണവുമായി ബന്ധപ്പെട്ട വിവരം ലഭിക്കുന്നവർ 996 എന്ന അടിയന്തര നമ്പറിൽ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു. വിവരദാതാക്കളുടെ രഹസ്യത്വം പൂർണമായി സംരക്ഷിക്കുമെന്നും അറിയിച്ചു.




