കണ്ണൂർ: റോഡിൽ നിന്ന് ലഭിച്ച മൂന്ന് ലക്ഷം രൂപ സത്യസന്ധമായി തിരികെ നൽകി ലോട്ടറി തൊഴിലാളി. കൂത്തുപറമ്പ് ടൗണിലെ ലോട്ടറി തൊഴിലാളിയായ നരവൂരുകാരൻ സി. സുബീഷിനാണ് പണം കിട്ടിയത്. കൂത്തുപറമ്പ് സഹകരണ റീജണൽ ബാങ്ക് ജീവനക്കാരനായ സി.വി. ജിതേഷിന്റെ പണമാണ് കാർ യാത്രയ്ക്കിടെ നഷ്ടമായത്.
ആലക്കണ്ടി കോംപ്ലക്സിന് സമീപം കാർ നിർത്തി സുഹൃത്തുമായി സംസാരിക്കുന്നതിനിടെ കാറിന്റെ ഡോർ തുറക്കുകയും അടയ്ക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് സഞ്ചിയിൽ പൊതിഞ്ഞ് സീറ്റിൽ വെച്ചിരുന്ന പണം താഴേക്ക് വീണത് ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് ലഭിച്ച പണം സുബീഷ് കൂത്തുപറമ്പ് പൊലീസിൽ ഏൽപ്പിച്ചു. അന്വേഷിച്ച് എത്തിയ ജിതേഷിന് പൊലീസ് സ്റ്റേഷനിൽ വെച്ച് സുബീഷ് പണം കൈമാറി.






