ബെംഗളൂരു: ഐപിഎല്ലില്‍ ആര്‍സിബിയോടേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ, ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സഞ്ജു സാംസണ് പിന്തുണയുമായി എത്തിയിരിക്കുകയാണ് ചെന്നൈ പരിശീലകന് സ്റ്റീഫന്‍ ഫ്ളെമിംഗ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 251 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 43 റണ്‍സിന്റെ തോല്‍വിയാണ് വഴങ്ങേണ്ടി വന്നത്. സീസണില്‍ ചെന്നൈയുടെ തുടര്‍ച്ചയായ മൂന്നാം തോല്‍വി കൂടിയാണിത്.
വര്‍ഷങ്ങളോളം ഒരു ഫ്രാഞ്ചൈസിയില്‍ കളിച്ച ശേഷം പുതിയൊരു ടീമിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും പൊരുത്തപ്പെടാന്‍ സമയമെടുക്കും. സഞ്ജു നിലവില്‍ ടീമുമായി ഇണങ്ങിച്ചേരാനുള്ള ശ്രമത്തിലാണ്. ടീമില്‍ അഞ്ചോ ആറോ മാറ്റങ്ങള്‍ വന്നതിനാല്‍ ഇതൊരു സെറ്റില്‍ഡ് സൈഡ് ആണെന്ന് പറയാനാകില്ല. സഞ്ജുവിന് ആവശ്യമായ എല്ലാ പിന്തുണയും ആത്മവിശ്വാസവും ടീം നല്‍കുമെന്നാണ് സ്റ്റീഫന്‍ ഫ്ളെമിംഗ് പറഞ്ഞത്.
തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ശക്തമായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ചെന്നൈ. ഈ സീസണിലെ വലിയ ട്രേഡിലൂടെ രാജസ്ഥാന് റോയല്‍സില്‍ നിന്നും ചെന്നൈയിലെത്തിയ സഞ്ജു മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തി. രവീന്ദ്ര ജഡേജ, സാം കറന് എന്നീ പ്രമുഖ താരങ്ങളെ വിട്ടുനല്‍കിയാണ് സിഎസ്കെ സഞ്ജുവിനെ സ്വന്തമാക്കിയത്. ഏപ്രില്‍ 11ന് ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചേട്ടന്റെ ശക്തമായ തിരിച്ചുവരവിനായി ആരാധകരും കാത്തിരിക്കുകയാണ്.




