കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ തന്റെ ആര്‍എസ്എസ് ബന്ധ ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്ന ചിത്രം സഹിതം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിമര്‍ശനത്തിനാണ് ഇപ്പോള്‍ മറുപടി പറയുന്നത്.
ലക്ഷണമൊത്ത ആര്‍എസ്എസ് ഏജന്റാണ് പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രതിരോധിച്ചത് സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്താവന ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്നും വിഡി സതീശന്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
1977 ല്‍ ആര്‍എസ്എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എംഎല്‍എ പിണറായി വിജയനാണ്, അല്ലാതെ വിഡി സതീശനല്ല. അന്ന് ഉദുമയിലെ സിപിഎം- ആര്‍എസ്എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ ആര്‍എസ്എസ് നേതാവ് കെജി മാരാര്‍?. അതേ കെ ജി മാരാര്‍ ഇഎംഎസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു.
1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി പി സിങിന് പിന്തുണ നല്‍കിക്കൊണ്ട് സിപിഎം നേതാക്കളായ ഇഎംഎസും ജോതിബസുവും അഡ്വാനിക്കും വാജ്പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് ആര്‍എസ്എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പിണറായി വിജയന്‍ പറയുന്നത് എന്നും സതീശന്‍ ആരോപിക്കുന്നു.





