തിരുവനന്തപുരം: നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തിന് തീയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി. ശിവൻകുട്ടി അറിയിച്ചു. 29-ാം തീയതി അസൗകര്യമാണെങ്കിൽ മറ്റേതെങ്കിലും തീയതി നിർദേശിക്കാമെന്നും രാജീവ് ചന്ദ്രശേഖർ സ്ഥലവും സമയവും തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറാകൂ എന്ന രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് മര്യാദകേടാണെന്നും, പരസ്യ സംവാദം നടന്നാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം മാർക്കും തനിക്ക് എ പ്ലസുമാകും എന്നും ശിവൻകുട്ടി പരിഹസിച്ചു.
നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് രാജീവ് ചന്ദ്രശേഖർ തയ്യാറാണോ എന്നായിരുന്നു ശിവൻകുട്ടിയുടെ ആദ്യ വെല്ലുവിളി. 29-ന് രാവിലെ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.
അതേസമയം, അന്നേ ദിവസം പ്രധാനമന്ത്രി കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ ഉദ്ദേശപൂർവ്വമാണ് ആ തീയതി തെരഞ്ഞെടുത്തതെന്നാണ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചത്. കൂടാതെ, ശിവൻകുട്ടിയല്ല മുഖ്യമന്ത്രി തന്നെ സംവാദത്തിന് വരണമെന്ന നിലപാടും അദ്ദേഹം എടുത്തിരുന്നു. ഇതിന് മറുപടിയായാണ് ശിവൻകുട്ടിയുടെ പുതിയ പ്രതികരണം.




