കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് സ്വന്തം വഴി തെരഞ്ഞെടുത്ത യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ 27-കാരൻ നഗരത്തിലെ സമ്മർദ്ദം നിറഞ്ഞ ജോലി വിട്ട് നാട്ടിലേക്ക് മടങ്ങി സ്വന്തം വീട് ഹോംസ്റ്റേയാക്കി മാറ്റിയ കഥയാണ് പങ്കുവച്ചത്.
“ഉദയ്പൂരിലെ സമാധാനപരമായ ജീവിതം, കുറഞ്ഞ ചിലവ്, കൂടുതൽ സ്വാതന്ത്ര്യം” എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. നഗരജീവിതത്തേക്കാൾ സാമ്പത്തികമായും മാനസികമായും ഇപ്പോഴാണ് കൂടുതൽ സംതൃപ്തനെന്ന് യുവാവ് പറയുന്നു. പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ വരുമാനം ലഭിക്കുന്നതായും, വിനോദസഞ്ചാര സീസണുകളിൽ അത് 3–4 ലക്ഷം രൂപ വരെ ഉയരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഓഫ് സീസണിൽ വരുമാനം ഏകദേശം 40,000 രൂപയിലേക്ക് കുറയുന്നുണ്ടെങ്കിലും അതനുസരിച്ച് പദ്ധതിയിടാൻ കഴിയുന്നുവെന്നും പറയുന്നു.
മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ജീവിതച്ചിലവ് വളരെ കുറവാണെന്നും, മാസം 20,000–30,000 രൂപയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാകുന്നതായും യുവാവ് ചൂണ്ടിക്കാട്ടുന്നു. ട്രാഫിക് സമ്മർദ്ദമോ ഓഫീസിലെ സമയനിയന്ത്രണമോ ഇല്ലാതെ കൂടുതൽ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുന്നുവെന്നും, 9 മുതൽ 5 വരെ ജോലിയെക്കാൾ ഇപ്പോൾ സമയം സ്വന്തം നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറയുന്നു.
എന്നാൽ ഇത് പൂർണമായൊരു ‘പെർഫെക്റ്റ്’ ജീവിതമല്ലെന്നും യുവാവ് വ്യക്തമാക്കുന്നു. സ്ഥിരമായ ശമ്പളം ഇല്ലാത്തതിനാൽ വരുമാനത്തിലെ അനിശ്ചിതത്വം വലിയ വെല്ലുവിളിയാണെന്നും, ലളിതമായ ജീവിതവും സമയ സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നവർക്കാണ് ഇത്തരമൊരു മാറ്റം അനുയോജ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പോസ്റ്റ് വൈറലായതോടെ നിരവധി പേർ അനുകൂല പ്രതികരണങ്ങളുമായി രംഗത്തെത്തി.




