ജയ്പൂർ: കടുത്ത ചൂട് തുടരുന്നതിനിടെ രാജസ്ഥാനിലെ മിക്ക ജില്ലകളിലും താപനില 42 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഈ ആഴ്ച മുഴുവൻ വരണ്ടതും ചൂടേറിയതുമായ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബാർമറിലാണ്. ഇവിടെ 45.4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടു.ജയ്പൂർ കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം, പടിഞ്ഞാറൻ രാജസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിലും തെക്ക്-കിഴക്കൻ മേഖലയിലെ ചില ഭാഗങ്ങളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ താപതരംഗ സാധ്യതയുണ്ട്.
വരും ദിവസങ്ങളിൽ ചൂട് ഇനിയും ശക്തമാകാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ, വടക്കൻ, കിഴക്കൻ മേഖലകളിൽ അടുത്ത നാലു മുതൽ അഞ്ച് ദിവസം വരെ മണിക്കൂറിൽ 20 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേരളത്തിൽ തിങ്കളാഴ്ച രേഖപ്പെടുത്തിയ ഉയർന്ന താപനില 34.7 ഡിഗ്രി സെൽഷ്യസാണ്. പാലക്കാട് ജില്ലയിലാണ് ഈ താപനില രേഖപ്പെടുത്തിയത്. ജില്ലയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 41.9 ഡിഗ്രി സെൽഷ്യസാണ്.






