തിരുവനന്തപുരം: സംസ്കൃത സർവകലാശാലയിലെ മുൻ എസ്.എഫ്.ഐ പ്രവർത്തകർക്ക് കൂട്ടത്തോടെ നിയമനം ലഭിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സർക്കാർ സ്കൂളുകളിലെ അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. കാലടി സംസ്കൃത സർവകലാശാലയിലെ മുൻ വിദ്യാർഥികൾക്കാണ് കൂട്ടത്തോടെ നിയമനം ലഭിച്ചതെന്നാണ് ആരോപണം.
സംസ്കൃത സർവകലാശാലയിലെ ഇടത് അധ്യാപകരാണ് നിയമനത്തിനുള്ള ചോദ്യപ്പേപ്പർ തയ്യാറാക്കിയതെന്നും എസ്.എഫ്.ഐ പ്രവർത്തകർക്ക് കൂട്ടത്തോടെ നിയമനം ലഭിച്ചെന്നുമാണ് പരാതി. ക്രൈംബ്രാഞ്ച് ഐ.ജി. അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം പരാതി പരിശോധിക്കും. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്.
പി.എസ്.സി അംഗം ഡോ. പ്രിൻസി കുര്യാക്കോസിന്റെ പങ്കും പി.എസ്.സി ചെയർമാൻ എം.ആർ. ബൈജുവുമായി ബന്ധപ്പെട്ട മൂന്നംഗ സംഘത്തിനെതിരായ ആരോപണങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നാണ് നിവേദനത്തിലെ ആവശ്യം. ചോദ്യപ്പേപ്പർ തയ്യാറാക്കുന്നവരെ തിരഞ്ഞെടുക്കുന്നതിൽ നൽകിയ മുൻഗണനകളും പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
മറ്റ് സർവകലാശാലകളിലെ ഉദ്യോഗാർഥികളുമായി താരതമ്യ പഠനം നടത്തുക, സംശയമുള്ള റാങ്ക് പട്ടികകളിൽനിന്നുള്ള തുടർ നിയമന ശുപാർശകൾ താൽക്കാലികമായി നിർത്തിവയ്ക്കുക, ചോദ്യപ്പേപ്പർ, നിയമന നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകൾ സംരക്ഷിച്ച് അന്വേഷണ ഏജൻസിക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിലുണ്ട്.


