അഞ്ജന ടാക്കീസിന്റെ ബാനറിൽ സജിൻ ബാബു സംവിധാനം ചെയ്ത ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയ്‌ലർ സോഷ്യൽ മീഡിയ വഴി പൃഥ്വിരാജ് സുകുമാരൻ പുറത്തിറക്കി. റിമ കല്ലിങ്കലിന്റെ ഞെട്ടിക്കുന്ന പ്രകടനമാണ് ട്രൈലറിന്റെ ഹൈലൈറ്റ്. ഒക്ടോബർ 7ന് ഒൻപതാമത് യാൾട്ട രാജ്യാന്തര ചലച്ചിത്രമേളയിലെ രാജ്യാന്തര മത്സര വിഭാഗത്തിൽ ലോക പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് സിനിമകളിൽ ഒന്നാണ്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം.
റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.






