തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആർഎസ്എസ് ബന്ധം വീണ്ടും ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 2006ൽ പറവൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് സതീശൻ വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലായിരുന്നു പോസ്റ്റ്.
ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ സതീശൻ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006ൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപാണ് ആർഎസ്എസ് പരിപാടിയിൽ സതീശൻ പങ്കെടുത്ത്. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോൾ സ്ഥിരമായി രക്ഷപ്പെടുകയാണ് പ്രതിപക്ഷനേതാവ്.
2001ലെയും 2006ലെയും നിയമസഭാ തെരഞ്ഞെടുപ്പിൽ സതീശൻ ആർഎസ്എസ് പിന്തുണ അഭ്യർത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ 2022ൽ വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ആർഎസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോൾവാൾക്കർ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല. 2006ൽ പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.





