റിയാദ്: മേഖലയിലെ അസാധാരണ സാഹചര്യങ്ങളെ തുടർന്ന് മടക്കയാത്ര തടസ്സപ്പെട്ട സന്ദർശകർക്കായി സൗദി പാസ്പോർട്ട് വകുപ്പ് വിസ കാലാവധി നീട്ടൽ നടപടികൾ ആരംഭിച്ചു.
2026 ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച വിസിറ്റ് വിസയുള്ളവർക്ക് ‘അബ്ഷിർ’ പ്ലാറ്റ്ഫോം വഴി അപേക്ഷ നൽകി നിശ്ചിത ഫീസ് അടച്ച് വിസ പുതുക്കാം. ഇതനുസരിച്ച് 2026 ഏപ്രിൽ 18 വരെ കാലാവധി നീട്ടി ലഭിക്കും.
സൗദി ഭരണകൂടത്തിന്റെ പ്രത്യേക നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
അതേസമയം, ഫെബ്രുവരി 25ന് കാലാവധി അവസാനിച്ച ഉംറ, ട്രാൻസിറ്റ്, ഫൈനൽ എക്സിറ്റ് വിസകൾ ഉള്ളവർക്ക് വിസ പുതുക്കലോ പിഴയോ ഇല്ലാതെ രാജ്യത്ത് നിന്ന് നേരിട്ട് പുറപ്പെടാൻ അനുമതി നൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ‘992’ നമ്പറിൽ ബന്ധപ്പെടാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു.



