മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് അസംസ്കൃത എണ്ണയുമായി രണ്ടാമത്തെ ടാങ്കർ മുംബൈയിൽ എത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിനായി 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിൽ കയറ്റിയ ലൈബീരിയൻ പതാക വഹിക്കുന്ന ‘സ്മിർണി’ എന്ന കപ്പലാണ് മുംബൈയിലെത്തിയത്. സൗദി അറേബ്യയിലെ റാസ് തനൂറയിൽ നിന്നാണ് കപ്പൽ യാത്രതിരിച്ചത്. തിങ്കളാഴ്ച മുതൽ കപ്പലിലെ എണ്ണ മാഹുലിലെ എച്ച്.പി.സി.എൽ റിഫൈനറിയിലേക്ക് മാറ്റിത്തുടങ്ങും.
അമേരിക്ക–ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ബാധിക്കപ്പെട്ടതോടെ എണ്ണവ്യാപാരത്തിൽ തടസ്സം നേരിട്ടിരുന്നു. ഈ സാഹചര്യത്തിൽ സുരക്ഷിതമായി ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ കപ്പലാണിത്. നേരത്തെ മാർച്ച് 11ന് ‘ഷെൻലോംഗ് സൂയസ്‌മാക്‌സ്’ എന്ന കപ്പൽ മുംബൈയിലെ ജവഹർ ദ്വീപിൽ എത്തിയിരുന്നു.
ഇതിനിടെ ശനിയാഴ്ച യുഎഇയിലെ ഫുജൈറ ഓയിൽ ടെർമിനലിൽ ആക്രമണം നടന്നു. ഫുജൈറ തുറമുഖത്തെ പ്രധാന എണ്ണ ടെർമിനലുകൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ വലിയ നാശനഷ്ടമുണ്ടായി. പ്രതിരോധസേന തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണതോടെ വൻ തീപിടിത്തമുണ്ടായതായും എണ്ണ കയറ്റുമതി ഭാഗികമായി തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ആക്രമണസമയത്ത് ഇന്ത്യൻ പതാക വഹിക്കുന്ന ‘ജഗ് ലാഡ്കി’ എന്ന കപ്പൽ ഫുജൈറ സിംഗിൾ പോയിന്റ് മൂറിംഗിൽ അസംസ്കൃത എണ്ണ കയറ്റിക്കൊണ്ടിരിക്കുകയായിരുന്നു. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഗൾഫ് മേഖലയിലൂടെ 24 ഇന്ത്യൻ കപ്പലുകൾ സഞ്ചരിക്കുന്നുണ്ടെന്ന് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ രണ്ട് കപ്പലുകൾ എൽപിജിയുമായി മുന്ദ്ര, കണ്ട്‍ല തുറമുഖങ്ങളിലേക്കാണ് വരുന്നത്.
യുദ്ധസാഹചര്യത്തിൽ ഗൾഫ് മേഖലയിലെ കടൽമാർഗങ്ങളിൽ ഏകദേശം 23,000 ഇന്ത്യൻ നാവികർ കുടുങ്ങിക്കിടക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 276 പേരെ വിവിധ കമ്പനികൾ ഇതിനകം തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.




