കൊച്ചി: ഇന്ത്യ–ഹോങ്കോങ് ഫുട്ബോൾ മത്സരത്തിന് മുന്നോടിയായി കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടത്താനിരുന്ന ഇന്ത്യൻ ടീമിന്റെ വാർത്താ സമ്മേളനം അവസാന നിമിഷം ഉപേക്ഷിക്കേണ്ടി വന്നു. സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ എത്തിയ പരിശീലകനെയും താരങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതാണ് സംഭവം.
എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി വ്യാഴാഴ്ച മൂന്ന് മണിക്കാണ് വാർത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. പരിശീലകൻ ഖാലിദ് ജമീലും മലയാളി താരങ്ങളും പങ്കെടുക്കാനിരുന്ന സമ്മേളനത്തിനായി ടീം അംഗങ്ങളും മാധ്യമപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. എന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സുരക്ഷാ ജീവനക്കാർ ആരെയും അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇതോടെ പരിശീലകനും താരങ്ങളും മടങ്ങിപ്പോകേണ്ടിവന്നു.
മാർച്ച് 31ന് കലൂർ സ്റ്റേഡിയത്തിലാണ് ഇന്ത്യ–ഹോങ്കോങ് മത്സരം നടക്കുന്നത്. ഇതിന് മുമ്പും സമാനമായ സംഭവം അരങ്ങേറിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ വാർത്താ സമ്മേളനം ജിസിഡിഎ അധികൃതർ തടഞ്ഞ സംഭവവും അടുത്തിടെ ഉണ്ടായിരുന്നു. അന്ന് പരിശീലകൻ ഡേവിഡ് കറ്റാലയും ഇന്ത്യൻ താരം റൗളിൻ ബോർഗസും ഉൾപ്പെട്ട സംഘത്തെയാണ് ഹാളിൽ നിന്ന് പുറത്താക്കിയത്.





