കണ്ണൂർ: കളിക്കുന്നതിനിടെ കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിച്ച വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. കാട്ടാമ്പള്ളി സ്വദേശിയായ മുഹമ്മദ് (14) ആണ് മരിച്ചത്. കൊയ്യം മർക്കസിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു വിദ്യാർത്ഥി.
വെള്ളിയാഴ്ച രാവിലെ ഏകദേശം 8 മണിയോടെയായിരുന്നു സംഭവം. കൊയ്യം മർക്കസ് പരിസരത്ത് കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീണതിനെ തുടർന്ന് അത് എടുക്കാൻ ശ്രമിക്കുമ്പോഴാണ് മുഹമ്മദ് അബദ്ധത്തിൽ കിണറ്റിലേക്ക് വീണത്.
ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ അധ്യാപകരെയും നാട്ടുകാരെയും വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.






