കോട്ടയം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചു. കടുത്തുരുത്തി സ്വദേശിയായ ഫ്രാൻസിസ് എന്ന കോൺഗ്രസ് പ്രവർത്തകനാണ് സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചത്. വി.ഡി. സതീശനെ പിന്തുണച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങുന്ന സാഹചര്യത്തിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. ഇന്നും വിവിധ ജില്ലകളിൽ സതീശനെ അനുകൂലിച്ച് കോൺഗ്രസ് പ്രവർത്തകർ റാലികൾ സംഘടിപ്പിക്കുന്നുണ്ട്.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കവെ, എംഎൽഎമാരുടെ പിന്തുണ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐസിസി നിരീക്ഷകർ എംഎൽഎമാരുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ അടങ്ങിയ ചിത്രങ്ങളാണ് ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തുവിട്ടത്. നിരീക്ഷകരുടെ കൈവശമുണ്ടായിരുന്ന രേഖകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം കെ.സി. വേണുഗോപാലിനാണ് ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയെന്നാണ് സൂചന.
ടി. സിദ്ദീഖ്, സന്ദീപ് വാര്യർ തുടങ്ങിയ പ്രമുഖ നേതാക്കൾ കെ.സി. വേണുഗോപാലിനെയാണ് പിന്തുണച്ചിരിക്കുന്നത്. ഐ.സി. ബാലകൃഷ്ണൻ കെ.സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചതായും രേഖകൾ വ്യക്തമാക്കുന്നു. കോൺഗ്രസിന്റെ ആകെയുള്ള 63 എംഎൽഎമാരിൽ സണ്ണി ജോസഫ് ഉൾപ്പെടെ 47 പേർ കൂടിക്കാഴ്ചയിൽ കെ.സി. വേണുഗോപാലിന്റെ പേര് നിർദേശിച്ചതായാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അണികൾക്കിടയിൽ വി.ഡി. സതീശനായി വാദമുയരുമ്പോഴും, നിയമസഭാ കക്ഷിയിൽ കെ.സി. വേണുഗോപാലിന് വലിയ മേൽക്കൈ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.






