എറണാകുളം: കുന്നത്തുനാട് പള്ളിക്കരയിലെ കംപ്യൂട്ടർ സെന്ററുകളിലും സ്റ്റുഡിയോകളിലും വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അവയവദാന തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസ് വ്യാപക പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ ആരംഭിച്ച സൈബർസെൽ പരിശോധന രാത്രി വൈകിയും തുടർന്നിരുന്നു.
തട്ടിപ്പിന് നേതൃത്വം നൽകിയ കാസർകോട് സ്വദേശി മുജീബ് നേരത്തെ തന്നെ പോലീസ് കസ്റ്റഡിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് രേഖകൾ നിർമ്മിച്ച കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. മുൻ എം.പി.മാർ, മുൻ എം.എൽ.എ.മാർ, ജില്ലാ പോലീസ് മേധാവി എന്നിവരുടെ പേരുകൾ ഉൾപ്പെടുത്തി കൃത്രിമ ശുപാർശ കത്തുകൾ തയ്യാറാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
പള്ളിക്കരയിലെ ഒരു കംപ്യൂട്ടർ സെന്ററും ഒരു സ്റ്റുഡിയോയും, കൂടാതെ പ്രതിയുടെ പെരിങ്ങാല പോത്തനാംപറമ്പിലെ വാടക വീട്ടുമാണ് ഒരേസമയം പരിശോധനയ്ക്കു വിധേയമായത്. ഇവിടെ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് സൂചന.
മുജീബ് പോത്തനാംപറമ്പിൽ മൂന്നു വർഷത്തിലേറെയായി താമസിച്ചിരുന്നുവെന്നും ആഡംബര ജീവിതം നയിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. വിലകൂടിയ കാറുകളിൽ കംപ്യൂട്ടർ സെന്ററുകളിൽ എത്തി വ്യാജ രേഖകൾ തയ്യാറാക്കുന്നതായിരുന്നു ഇയാളുടെ രീതി എന്നാണ് കണ്ടെത്തൽ.
കുന്നത്തുനാട്, തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങളും അമ്പലമേട് പോലീസും വിവിധ സ്ഥലങ്ങളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അവയവദാനത്തിന്റെ മറവിൽ സാമ്പത്തിക ലാഭത്തിനായി പ്രവർത്തിച്ചിരുന്ന മാഫിയ സംഘം, ദാതാക്കളെ സ്വീകർത്താക്കളുടെ അടുത്ത ബന്ധുക്കളായി കാണിക്കുന്ന തരത്തിൽ വ്യാജ രേഖകൾ നിർമ്മിച്ചിരുന്നുവെന്നും കണ്ടെത്തി. ആധാർ കാർഡുകൾ, തിരിച്ചറിയൽ രേഖകൾ, ജനപ്രതിനിധികളുടെ ലെറ്റർ പാഡുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ എന്നിവ പോലും കൃത്രിമമായി നിർമ്മിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.






