മംഗളൂരു: അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ഈനാംപേച്ചിയുടെ ചെതുമ്പൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേരെ വനംവകുപ്പ് സി.ഐ.ഡി. സ്ക്വാഡ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ ബെംഗളൂരു സ്വദേശികളായ എച്ച്.ആർ. ജഗദീഷ് (50), ബാബു (48), കനകപുര സ്വദേശിയായ സിദ്ദു നായിക് (38) എന്നിവരാണ്. കഴിഞ്ഞ ദിവസം കദ്രി പാർക്കിന് സമീപത്ത് ചെതുമ്പൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
പ്രതികളിൽ നിന്ന് ഏകദേശം അഞ്ച് കിലോ ചെതുമ്പൽ പിടിച്ചെടുത്തു. ഇതിന് അന്താരാഷ്ട്ര വിപണിയിൽ മൂന്ന് ലക്ഷം രൂപയ്ക്കടുത്ത് വിലവരുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. കാറിലെത്തിയ ഇവർ ചെതുമ്പൽ വിൽക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. വാങ്ങാനെത്തിയവർ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ ഉപയോഗിച്ച കാർ അധികൃതർ കസ്റ്റഡിയിലെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈനാംപേച്ചിയുടെ ചെതുമ്പലിൽ കരാറ്റിൻ എന്ന ഘടകം കൂടുതലായി അടങ്ങിയിട്ടുണ്ട്. മനുഷ്യന്റെ നഖത്തിലും മുടിയിലും കാണുന്ന അതേ ഘടകമാണിത്. ചില ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ പരമ്പരാഗത മരുന്നുകൾ തയ്യാറാക്കാൻ ഇത് ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
ഇതുകൂടാതെ ചെതുമ്പൽ ഉപയോഗിച്ച് ആഭരണങ്ങളും കൗതുകവസ്തുക്കളും നിർമ്മിക്കാറുണ്ട്. ചിലർ ആഭിചാര പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഈനാംപേച്ചിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്താൻ എല്ലാ വർഷവും ഫെബ്രുവരി 20 ലോക ഈനാംപേച്ചി ദിനമായി ആചരിക്കുന്നു.






