വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ യുദ്ധക്കൊതി അടങ്ങാതെ ട്രംപ്. ഒരു മാസത്തോളം യുദ്ധം പിന്നിട്ടിട്ടും ഇറാന്റെ എണ്ണ ശേഖരം കൈക്കലാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ട്രംപ് . ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് അമേരിക്ക പിടിച്ചെടുക്കുമെന്ന സൂചനയും ട്രംപ് നൽകി.
യുദ്ധം അവസാനിപ്പിക്കുമെന്ന സൂചന നൽകുകയും പിന്നാലെ ആയിരക്കണക്കിന് യുഎസ് സൈനികരെ പശ്ചിമേഷ്യയിൽ വിന്യസിക്കുന്നതിനിടെയാണ് പുതിയ പ്രസ്താവന. ഈ സംഘർഷത്തിൽ ഖാർഗ് പിടിച്ചെടുക്കുന്നത് അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക നീക്കമായിരിക്കുമെന്ന് കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്ന റിപോർട്ടുകളും സൂചിപ്പിക്കുന്നു.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ നല്ലൊരു ഭാഗവും നടക്കുന്ന ഖാർഗ് പിടിച്ചെടുക്കാൻ അമേരിക്ക തുനിഞ്ഞാൽ, യുദ്ധം ഉടനെയൊന്നും അവസാനിക്കാനും പോകില്ല, ആഗോള ഊർജ വിപണിയെ കൂടുതൽ അസ്ഥിരപ്പെടുത്താനും കാരണമാകും. ഇറാന്റെ പ്രതിരോധം ദുർബലമാണെന്നും ഖാർഗ് ഐലൻഡ് പിടിച്ചെടുക്കുക എളുപ്പമാണെന്നും ട്രംപ് അവകാശപ്പെടുകയാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങളെന്ന് വ്യക്തം.
ദിവസങ്ങൾക്ക് മുമ്പ് എണ്ണ സംഭരണികളും പശ്ചാത്തല സൗകര്യങ്ങളും ആക്രമിക്കുമെന്ന് അമേരിക്ക ഭീഷണി മുഴക്കിയിരുന്നു. അങ്ങനെ ചെയ്‌താൽ പശ്ചിമേഷ്യയിലെ എല്ലാ എണ്ണക്കിണറുകളും സംവിധാനങ്ങളും ആക്രമിക്കുമെന്നാണ് ഇറാൻ തിരിച്ചും ഭീഷണിപ്പെടുത്തിയിരുന്നു. ഗൾഫ് മേഖലയിൽ അമേരിക്കയ്‌ക്ക് 19 സൈനികത്താവളങ്ങളാണുള്ളത്. അതിൽ 17 ഇടത്തും ഇറാൻ ആക്രമണമുണ്ടായി.




