കോഴിക്കോട്: ആവശ്യപ്പെട്ട ചിഹ്നം ലഭിക്കാതെ വെട്ടിലായിരിക്കുയാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ അഹമ്മദ് ദേവർകോവിൽ. ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ലാത്തതാണ് സ്ഥാനാർത്ഥിയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
2024-ലെ പട്ടികയില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് ചിഹ്നം അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ തവണ മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായിരുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഹമ്മദ് ദേവർകോവിൽ ജയിച്ചിരുന്നു. ചിഹ്നം അനുവദിക്കുന്നതില്‍ വ്യക്തത വരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറോട് ജില്ലാ വരണാധികാരി ആവശ്യപ്പെട്ടിട്ടുണ്ട്.




