മുംബൈ: നാസിക്കിൽ പീഡനക്കേസിൽ അറസ്റ്റിലായ ‘ആൾദൈവം’ അശോക് കുമാർ ഖരാട്ട് നരബലി നടത്തിയിട്ടുണ്ടോയെന്ന സംശയത്തിൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം. ഗർഭിണിയെ ഉൾപ്പെടെ ഒട്ടേറെപ്പേരെ പീഡിപ്പിച്ച ഖരാട്ടിനെതിരെ ഇതുവരെ 6 പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭീഷണിപ്പെടുത്തി പണം തട്ടൽ ഉൾപ്പെടെ മറ്റു 2 കേസുകൾ വേറെ.
രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും വിനോദ, വ്യവസായ മേഖലയിലെ പ്രമുഖരും ഉൾപ്പെടെ ഉന്നതരുമായി അടുത്ത ബന്ധം പുലർത്തുന്ന ഖരാട്ട് മർച്ചന്റ് നേവിയിൽനിന്നു വിരമിച്ച ശേഷമാണ് ആത്മീയരംഗത്ത് സജീവമായത്. ഈശനേശ്വർ മഹാദവേ ക്ഷേത്രം ട്രസ്റ്റിയായിരിക്കെയാണ് 35 വയസ്സുകാരിയുടെ പരാതിയിൽ കഴിഞ്ഞ 18ന് അറസ്റ്റിലായത്. അതിനു പിന്നാലെ 5 പീഡനപരാതികൾ കൂടി ലഭിക്കുകയും റെയ്ഡിൽ അനധികൃത സ്വത്തുക്കളും തോക്കും 21 തിരകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇയാളുടെ പക്കൽനിന്നു പിടിച്ചെടുത്ത അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവിന്റെ പരിശോധന ഉടൻ പൂർത്തിയാകുമെന്നു പൊലീസ് വൃത്തങ്ങൾ അറിയിച്ചു.



