അമേരിക്ക: ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള നീക്കങ്ങൾക്ക് പിന്നാലെ കപ്പൽ ആശുപത്രി അയക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വാഗ്ദാനം തള്ളി ഡെന്മാർക്കും ഗ്രീൻലാൻഡും.
ഗ്രീൻലാൻഡിലെ ജനങ്ങൾ രോഗബാധിതരാണെന്നും അവർക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് ട്രംപ് ‘യു.എസ്.എൻ.എസ് മേഴ്‌സി’ എന്ന അത്യാധുനിക കപ്പൽ ആശുപത്രി അയക്കുമെന്ന് പ്രഖ്യാപിച്ചത്.
ആർട്ടിക് മേഖലയിൽ തന്ത്രപരമായ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഇത്തരം നീക്കങ്ങൾ നടത്തുന്നത്. തന്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിൽ യു.എസ് നേവി കപ്പലിന്റെ എ.ഐ നിർമിത ചിത്രം പങ്കുവെച്ച ട്രംപ്, കപ്പൽ പുറപ്പെട്ടുകഴിഞ്ഞു എന്നും കുറിച്ചു.
ഗ്രീൻലാൻഡിനായുള്ള പ്രത്യേക യു.എസ് പ്രതിനിധി ജെഫ് ലാൻഡ്രിയുമായി ചേർന്നാണ് ഈ നീക്കമെന്ന് ട്രംപ് സൂചിപ്പിച്ചു. റഷ്യക്കും ചൈനക്കും ഇടയിൽ അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കാൻ ഗ്രീൻലാൻഡ് നിയന്ത്രിക്കണമെന്നത് ട്രംപിന്റെ പഴയ നിലപാടാണ്.




