വാഷിങ്ടൺ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രി വരെ സമാധാന കരാറിൽ എത്തിച്ചേരാത്ത പക്ഷം രാജ്യത്താകെ ബോംബാക്രമണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഭീഷണി ഉയർത്തിയത്. വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ‘പവർ പ്ലാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെയാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇത്തരത്തിലുള്ള ആക്രമണം നടന്നാൽ ഇറാനെ പുനർനിർമ്മിക്കാൻ വർഷങ്ങൾ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ ട്രംപ് തള്ളി. ഭരണകൂടത്തെ എതിർക്കുന്ന ഇറാൻ ജനങ്ങൾ ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാൽ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റമാകാമെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ, അമേരിക്കൻ പൈലറ്റിനെ ഇറാനിൽ നിന്ന് രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായി. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാൻ യുഎൻ. മിഷൻ ഇത് യുദ്ധക്കുറ്റമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. അമേരിക്കക്കെതിരെ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഗൾഫ് രാജ്യങ്ങളിലെയും ഇസ്രയേലിലെയും പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുമെന്നും അവർ അറിയിച്ചു. മുമ്പും ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം കടുത്ത നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.




